തിരുവനന്തപുരം: ബ്രൂണെയിൽ കണ്ടെത്തിയതെന്നു സംശയിച്ച ചിത്രം പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേത് അല്ലെന്നും തൃശൂർ സ്വദേശി ദാമോദര മേനോന്റേതാണെന്നും പോലീസ് കണ്ടെത്തി.
പാസ്പോർട്ടും മറ്റു രേഖകളും ദാമോദരമേനോന്റേത് ആണെന്നു പോലീസ് ഏതാണ്ട് സ്ഥിരീകരിച്ചു. തൃശൂർ വടക്കാഞ്ചേരിയിലെ വീട്ടിലെത്തി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ബന്ധുക്കളുടെ മൊഴിയെടുത്തും ഫോട്ടോകളും പാസ്പോർട്ട് രേഖകളും മറ്റും പരിശോധിച്ചുമാണ് ഉറപ്പിച്ചത്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ മേനോനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.
അതേസമയം, സുകുമാരക്കുറുപ്പിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമാകുമോയെന്ന് അറിയാനായി സിബിഐ വഴി ഇന്റർപോളിനോട് ആരായാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇതിനായി എഡിജിപി എച്ച്.വെങ്കടേഷിനെ ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തി. ജോണ് മേനോൻ എന്ന പേരിൽ ബ്രൂണെയിൽ ഒളിവിൽ കഴിയുന്നത് സുകുമാരക്കുറുപ്പാണെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ വെളിപ്പെടുത്തിയിരുന്നു.
സുകുമാരക്കുറുപ്പിന്റെ ഫോണ് സംഭാഷണങ്ങൾ ചോർത്തിയെന്ന് അവകാശപ്പെടുന്ന സൈബർ വിദഗ്ധൻ അടക്കമുള്ളവരുടെ മൊഴിയെടുക്കും. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന റിപ്പോർട്ട് 169 രേഖകൾ സഹിതം 2017ൽ പോലീസിന് നൽകിയിരുന്നെന്ന അലി അക്ബറിന്റെ വെളിപ്പെടുത്തലിലെ വിശദാംശങ്ങളും പരിശോധിക്കും. സുകുമാരക്കുറുപ്പ് തിരോധാന കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ അലി അക്ബർ അടക്കമുള്ളവരുടെ മൊഴിയെടുക്കും.
നോർക്കയ്ക്ക് എല്ലാമറിയാം
പൂനയിലെ എൻജിനിയറിംഗ് പഠനത്തിനുശേഷം 40 വർഷം മുമ്പ് മലേഷ്യയിലേക്ക് പോയ ദാമോദര മേനോൻ പാലക്കാട് സ്വദേശിയെ വിവാഹം ചെയ്തു. പിന്നീട് ബ്രൂണെയിലെത്തിയെന്നാണ് മൊഴികളിൽനിന്നു വ്യക്തമാകുന്നത്. ദാമോദര മേനോന്റെ പേരിൽ വടക്കാഞ്ചേരി കരുമത്രയിൽ 10 സെന്റ് സ്ഥലമുള്ളതിന്റെ രേഖകളും പോലീസ് പരിശോധിച്ചിരുന്നു.
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ബ്രൂണെയിൽ ഇന്ത്യൻ ഹൈക്കമ്മീഷന്റെ സംരക്ഷണയിലുള്ള മേനോനെ നാട്ടിലെത്തിച്ച് പുനരധിവാസമൊരുക്കാൻ ജൂലൈ രണ്ടിന് നോർക്ക, സർക്കാരിന് ശിപാർശ നൽകിയിരുന്നതിന്റെ രേഖകളും പുറത്തുവിട്ടിരുന്നു. വാടക നൽകാത്ത സാഹചര്യത്തിൽ വീട്ടുടമസ്ഥയായ ചൈനക്കാരി ഇന്ത്യൻ ഹൈക്കമ്മീഷനിലെത്തിച്ചതിനെ തുടർന്നാണ് നോർക്കയിലേക്ക് വിവരമെത്തിയത്.